പൊടിക്ക് സീരിയസ് ആയാലോ

 രണ്ട് മൂന്ന് ആഴ്ചകൾക്ക് മുൻപ് വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ചെരുപ്പ് കടയിൽ പോയിരുന്നു. എല്ലാം ഓൺലൈനായി ഓഫറിൽ കിട്ടുന്ന കാലത്ത് ഇത് പോലെ ഔട്‌സ്‌കേർട്സിൽ ഉള്ള കടയിൽ പോവാൻ കാരണമുണ്ട്. കട പുതിയതാണ്, നല്ല കളക്ഷൻ ഉണ്ട്, പക്ഷെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ അവിടെ കച്ചവടം വളരെ കുറവാണ്. ചെരുപ്പ് വാങ്ങി ബിൽ കൊടുക്കുന്നതിനിടയിലെ വിശേഷം പറച്ചിലിനിടയിൽ അവർ പറയുന്ന കേട്ടു "TPR 12.1 ആണ്, കുറഞ്ഞിരുന്നെങ്കിൽ എല്ലാ ദിവസവും കട തുറക്കമായിരുന്നു" എന്ന്. "ഹാ അതെ" എന്നും പറഞ്ഞ് ഞാൻ ഇറങ്ങി


ഒരാഴ്‌ച കഴിഞ്ഞു. നല്ല മഴ, നല്ല തണുപ്പും. എന്തോ സാധാരണത്തേക്കാൾ ഒരു  അധിക തണുപ്പ്, ഏതായാലും ഉറക്കം അതു കൊണ്ട് തന്നെ ഉഷാറായി. രാവിലെ നാട്ടിലെ ഹെൽത്ത് ഗ്രൂപ്പിൽ മാസ്സ് കോവിഡ് ടെസ്റ്റിനെ പറ്റി ഉണ്ട്. കഴിഞ്ഞ ആഴ്ച ചെരുപ്പ്‌ കടയിലെ പയ്യൻ പറഞ്ഞത് മനസ്സിൽ ഉണ്ട്. ഈ തണുപ്പ്‌ ഒരു കാരണമാക്കി കോവിഡ് ടെസ്റ്റിൽ പങ്കെടുക്കാം, ഉറപ്പായും വേറെ ഒരു ലക്ഷണവും ഇല്ലാത്ത സ്ഥിതിക്ക് നെഗറ്റീവും ആവും, അങ്ങനെ TPR കുറക്കാം, നാടിനെ സഹായിക്കാം, ...


ടെം ടേം ടെം ടേം (ബീജീഎം ആണ്)


എന്നിലെ അഭിനവ ആധുനിക പരോപകാരി ഉണർന്നെഴുന്നേറ്റു...


ആന്റിജൻ ടെസ്റ്റ് ആയതു കൊണ്ട് പെട്ടെന്ന് റിസൾട്ട് വരുമല്ലോ, അത് കിട്ടി കഴിഞ്ഞാൽ ഉടനെ ഓഫീസിലും പോകാം, ഞാൻ എല്ലാം റെഡി ആയി ടെസ്റ്റ് സ്ഥലത്തു പോയി. വല്ല്യ തിരക്കൊന്നുമില്ല പോരാത്തതിനു അയൽവാസി ചേച്ചി ആണ് ടെസ്റ്റ് ഇൻ ചാർജ്. ടെസ്റ്റ് ഒക്കെ കഴിഞ്ഞ്, റിസൾട്ട് പറയുന്ന ചേച്ചി പറഞ്ഞു, ശരി ട്ടോ വീട്ടിൽ പൊയ്ക്കോളൂ, സംഭവം പോസിറ്റീവ് ആണ്...


(കാമധേനു ഫലം കേട്ട കിട്ടുണ്ണിയേട്ടൻ ഉള്ളിലെവിടെകൂടെയോ ഒന്നോടി..)


മാസ്‌ക് ഇട്ടതു കൊണ്ട് ഇളിഭ്യനായ എന്റെ മുഖം ആർക്കും കാണാൻ കഴിഞ്ഞില്ല എന്നു മാത്രം 


അന്ന് വീട്ടിൽ കേറി ഇന്ന് രണ്ട് ആഴ്ച കഴിഞ്ഞു. അസുഖത്തിന്റെ യാതൊരു ലക്ഷണവും ഇത് വരെ കാണിച്ചിട്ടില്ല


ഇനി ഞാൻ പറയുന്നത് കുറച്ചു കൂടി സീരിയസ് ആയ കാര്യമാണ്. അന്ന് ഞാൻ ടെസ്റ്റിന് പോയിരുന്നില്ലെങ്കിലോ?..


 എന്റെ ജോലിയുടെ ഒരു സ്വഭാവം വെച്ച്, ഇത്രയും ദിവസം കൊണ്ട്, മിനിമം ഒരു 50 ആൾക്ക് ഈ രോഗം പകർത്തിയേനെ (വീട്ടുകാരുടെ കാര്യം വേറെ പറയേണ്ടല്ലോ)


എന്റെ ഒരു കൂട്ടുകാരന്റെ ഫോൺ വന്നു, ആൾക്ക് കോവിഡ് ആയി ഇന്ന് മുതൽ. ഞാൻ നേരത്തെ പറഞ്ഞ പോലെ ആരെങ്കിലും കൊടുത്തതാവാനാണ് സാധ്യത എന്നാണ് ആൾ പറയുന്നത്‌.


ഇപ്പോൾ മനസ്സിലായോ എന്ത്‌ കൊണ്ടാണ് ഈ അസുഖം ഇവിടെ തന്നെ തിരിഞ്ഞു കളിക്കുന്നത് എന്ന്.


ഇന്ന്

ഒരു പനിയോ ജലദോഷമോ വേണം എന്നില്ല കോവിഡ് വരാൻ...


നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ ഇതിനെ ഒതുക്കാൻ പറ്റുകയുള്ളു, ഈ സമീപകാലത്ത് പൂർണ്ണമായും നിർമാർജനം ചെയ്യാൻ കഴിയുകയില്ല എങ്കിൽ പോലും


അല്ലാ, ഇങ്ങനെ തന്നെ പോയാൽ മതി എന്നെ ബാധിക്കുന്നില്ലല്ലോ, ഞാൻ WFH ആണല്ലോ എന്നൊക്കെ ആണ് ധാരണ എങ്കിൽ..


ലാലേട്ടൻ പറഞ്ഞ ഡയലോഗേ പറ്റുകയുള്ളു


"നിനക്ക് ഒന്നും മനസ്സിലാവില്ല, കാരണം നീ കുട്ടിയാണ്"..


ദുബായ്, ഷാർജ തുടങ്ങിയ പുണ്ണ്യസ്ഥലങ്ങൾക്കിടയിൽ ഈയിടെ കടന്നു കൂടിയ അർമേനിയയെ പറ്റി സോദരൻ അറിഞ്ഞോ...


അല്ല പറഞ്ഞു വരുന്നത് ഗൾഫിലേക്ക് തിരിച്ചു പോക്ക് അസാധ്യമായത് കാരണം വിഷമിക്കുന്ന ഒട്ടേറെ NRIസ് ഉണ്ട് നമ്മുടെ നാട്ടിൽ, കർഷക ആത്മഹത്യ പോലെ കച്ചവടക്കാർ ആത്‍മഹത്യ ചെയ്തു തുടങ്ങീ എന്നും കേൾക്കുന്നു..


കുറച്ച് സേവന കയറ്റുമതിയും ബാക്കിയുള്ള NRI വരുമാനവും കുറച്ചധികം ജാഡയും മാത്രമാണ് ഇത്രയും കാലം നമ്മുടെ എക്കണോമിയെ പിടിച്ചു നിർത്തിയത്. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ഒരറ്റത്ത് നിന്ന് പൊട്ടി തുടങ്ങും,പിന്നെ ഇടക്ക് ഒരു ബ്രേക്ക് ഉണ്ടാവില്ല, മറ്റേ അറ്റത്ത് വന്നേ നിൽക്കൂ...


ഓർക്കുക

ജാഗരൂകരായില്ലെങ്കിൽ

ഒരു പക്ഷെ

രോഗബാധിതരാവും..

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ