അന്ന് കണ്ടൊരമ്മ

 "ഒന്നു ഹെല്പ് ചെയ്യണേ എറങ്ങാൻ നേരം"


"ഓഹ്"

ഞാൻ മൂളി


ട്രെയിൻ  എറണാകുളം സൗത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്, സമയം രാത്രി 8.30 ആയി.


അവർക്ക് ഏകദേശം എഴുപത് വയസ്സ് കാണും, ആരും കൂടെ ഇല്ല, പൊതുവെ വടക്കൻ ഭാഷയോട് താൽപ്പര്യം ഉള്ളതു കൊണ്ടാവാം അവർ കണ്ണൂർ-തലശ്ശേരിക്കാരിയാണ് എന്നു മനസ്സിലാക്കാൻ ആ ഒരു വാചകം തന്നെ മതിയായിരുന്നു


തവിട്ടു നിറമുള്ള ഒരു തുണികവറും അവർക്ക് ചേരാത്ത ഒരു തോൾ ബാഗും പിന്നെ ഒരു ഹാൻഡ് ബാഗും, ഒരു മിഡിൽ ക്ലാസ് അമ്മ,  സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഞാൻ ഓരോന്ന് ഇറക്കി വെച്ചു. ഈ സമയം കൊണ്ട് കമ്പിയിൽ പിടിച്ചു അവർ തന്നെ താഴെ ഇറങ്ങി (കോവിഡ് ഭയം കാരണം ഞാൻ  കമ്പിയിൽ ഒന്നു പിടിക്കുക പോലും ചെയ്യാതെ ഇറങ്ങി നിൽക്കുമ്പോൾ, അവരുടെ ഈ പ്രവർത്തി എന്നിൽ ചെറിയ ഒരു ആശ്വാസം ഉണ്ടാക്കി)


എന്നാ ശരി എന്നും പറഞ്ഞ് നൈസ് ആയി സ്കൂട്ടാവാൻ നോക്കുന്നതിന്റെ ഇടയിൽ അവർ പറയുന്ന കേട്ടു, അവർ വരും കൂട്ടാൻ എന്ന്....


"ആരാ ഈ അവർ", ഞാൻ ചോദിച്ചു, "അവർ എവിടെയാ നിൽക്കുന്നെ...."


"മോളാണ്" ആ അമ്മ ഉത്തരം പറഞ്ഞു


ഒരു കാര്യം ചെയ്യൂ, അവരെ ഒന്നു വിളിച്ചു തരൂ, കേൾക്കേണ്ട താമസം അവർ ഒരു കുട്ടിഫോൺ എടുത്ത് വിളിച്ചു, എന്നിട്ട് പറഞ്ഞു "ഞാൻ ഒരു മോന്റെ അടുത്ത് കൊടുക്കേ.."


അമ്മ നാട്ടുകാരന്റെ ആരുടെയോ ഹെല്പ് ആണ് എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കി അവർ സമാധാനിച്ചോട്ടെ എന്നു കരുതി ഞാൻ ചോദിച്ചു, "ഇങ്ങളേഡെത്തി, അമ്മനെ ഏടെ ആക്കണം"


മെയിൻ ഗേറ്റിൽ വിട്ടാൽ മതി എന്ന് മറുതലക്കൽ ഉത്തരം പറഞ്ഞു. ഞാൻ ഫോൺ കട്ടാക്കി അവർക്ക് കൊടുത്തു.


"ന്നാ പോരീ" എന്നും പറഞ്ഞ് തുണി സഞ്ചി വാങ്ങി ഞാൻ രണ്ട് അടി നടന്നു, ഒന്ന് തിരിഞ്ഞു  നോക്കി, തോട് ഭാരമായ ആമയെ ഓർമ്മിപ്പിച്ചു, അവരുടെ അവസ്ഥ, എന്ത് കോവിഡ് എന്ന് മനസ്സിൽ പറഞ്ഞ്, ആ തോൾബാഗും വാങ്ങി തോളിലിട്ടു, എന്നിട്ട് പതുക്കെ വിശേഷം പറഞ്ഞ് ഫൂട് ഓവർ ബ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു


ബ്രിഡ്‌ജ്‌ പകുതി കയറിയപ്പോഴേക്കും അവർക്ക്‌ വയ്യാതായി,


ഞാൻ പറഞ്ഞു, "പതുക്കെ മതി"


ഒന്ന് റിലാക്സഡ് ആക്കാൻ ചോദിച്ചു, എന്തേ ഒറ്റക്ക് പോന്നു...


"മോൻണ്ട് അവടെ തല്ശ്ശേരി...


അവര്ക്ക്ത്ര  താൽപ്പര്യല്ല്യ...."



കൂടുതൽ ഒന്നും ചോദിച്ചില്ല, അവർ പിന്നേം പറഞ്ഞു കൊണ്ടിരുന്നു 

"ഞാൻ ഇപ്പളും ഒരാസ്പത്രിയിൽ പണിടുക്കുന്നുണ്ട്"


"ഓഹ്" ഞാൻ ഒന്ന് മൂളി..


അതിനിടയിൽ പതുക്കെ നടന്ന് പാലത്തിനു മുകളിൽ എത്തിയിരുന്നു...


ഞാൻ ആലോചിച്ചു എത്ര ബുദ്ധിമുട്ടിയാ ഇവർ കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്, എന്തിനാ ഇപ്പൊൾ ഇവർ ഈ കോവിഡ് കാലത്ത് ഇങ്ങനെ ഇറങ്ങി നടക്കുന്നത്. പക്ഷെ അവർക്ക് അതിനുള്ള ഉത്തരം കാണും. കിതച്ചു നടക്കുന്നതിനിടയിൽ അവർ പറയുന്നുണ്ടായിരുന്നു 'മോളെ കണ്ടിട്ട് കൊറേ ആയി, ഉള്ളിൽ വല്ലാത്ത ഒരു വേനയാ ഓളെ കൊറേ ഇങ്ങനെ കാണാണ്ടായാൽ...'


പ്രായം ആവും തോറും നമ്മുടെ ആധിയും കൂടി കൂടി വരും, നാളെ ചെയ്യാം എന്ന് പറയാൻ നമ്മുടെ മനസ്സിന് പറ്റുന്നുണ്ടാവില്ല. ഈ നാളെ നമ്മൾ തന്നെ ഉണ്ടാവുമോ എന്ന ഒരു ആശങ്ക അതാണ് എപ്പോഴും മുന്നിൽ നിൽക്കുക.

(എല്ലാവരും അങ്ങനെ ആണ് എന്ന് ശഠിക്കുന്നില്ല)


'മോൾക്കിബ്‌ടെ എന്താ പരിപാടി' ഞാൻ ചോദിച്ചു


"സെയിൽസ് ടാക്സിലാ" അവർ മറുപടി പറഞ്ഞു


'ഹേ, സർക്കാറിലാ....'


എന്റെ മറുപടി അവർക്ക് ഇഷ്ടമായി എന്ന് തോന്നി...



"ഉം.., ന്റെ അസ്ബൻഡും ഗവർമെന്റ് ജോലി ആയിരുന്നു, മൂന്നാറില്"...


അവർ ഒന്ന് വർത്തമാനം നിർത്തി എന്നെ ഒന്ന് നോക്കി, അപ്പോഴേക്കും താഴേക്കുള്ള പടികളുടെ അടുത്ത് എത്തിയിരുന്നു..


"ബാഡ് ലക് ആയി, ഓര്ക്ക് പെട്ടന് ഡെത്ത് ആയി പോയി, ഹാർട്ട് ചെറിയ വിഷയം ണ്ടായിരുന്നു"..


അവർ തുടർന്നു


"ഇനിക്കും കൊളസ്‌ട്രോൾ ഒക്കെ ണ്ട്, ഗുളികീം"


"എടക്ക് ശാസം മുട്ടും അതോണ്ട്, ഒരു കാർഡിയോളജിസ്റ്റിനെ കണ്ട്രിന്നു ബരിനേനു മുന്നെ"...


പതുക്കെ താഴത്തേക്ക് ഇറങ്ങി തുടങ്ങിയിരുന്നു അപ്പോഴേക്കും.


"മോനെപ്പറ്റി ഒന്നും ചോയ്ച്ചിലല്ലോ, എത്ര മക്കളാ"


ഞാൻ മറുപടി പറഞ്ഞു, അപ്പോഴേക്കും താഴെ എത്തിയിരുന്നു. എൻട്രന്സിലേക്ക് നടക്കുന്നതിനിടെ അവർ ചോദിച്ചു, "വെശക്കണില്ല്യേ കുട്ട്യേ, അമ്മന്റടുത് കടുക്കനെർച്ചത് ണ്ട്, തെരട്ടെ"


ആ വാക്കുകൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു, മറുപടി പറഞ്ഞു


'ആയ്, ഇങ്ങളെ മോള് ഇതൊക്കെ കാത്താവും ബരിൻടാവാ, ഞാൻ എല്ലം കൂടി തീർത്തൂന്ന് അരിഞ്ഞാൽ' എന്നും പറഞ്ഞ് ഞാൻ ഉറക്കെ ഒന്നു ചിരിച്ചു, അവരും കൂടെ ചിരിച്ചു, "ന്നാൽ ഓൾ കൊല്ലും" എന്നും കൂട്ടി ചേർത്തു.


പുറത്ത് നിന്ന് വണ്ടിയിൽ വരുന്നവർക്ക് കാണുന്ന രീതിയിലുള്ള കസേരകളിൽ ഒന്നിൽ അവരെ ഇരുത്തി.


'അവർ എത്താറായിട്ടുണ്ടാകും' ഞാൻ പറഞ്ഞു മാസ്‌ക് പതുക്കെ ഒരു സൈഡ് അഴിച്ചു..


"ഓ ഇങ്ങനെ ആണല്ലേ മോൻ" എന്റെ മുഖത്തേക്ക്  നോക്കി അവർ പറഞ്ഞു എന്റെ കയ്യിനൊന്നു തട്ടി, എന്നിട്ട് പറഞ്ഞു "മോന്റെ കല്യാണി ഉഷാറാവും" 

ആ അനുഗ്രഹം പെട്ടെന്ന് എന്റെ കണ്ണു നിറച്ചു..


'ശരിട്ടോ ഞാൻ ഇറങ്ങട്ടെ, സാനിറ്റൈസർ ഒക്കെ നന്നായി പൂശിക്കാളി' ഞാൻ പറയുന്ന മുന്നേ അവർ ബാഗിൽ നിന്ന് സാനിറ്റൈസർ കുപ്പി എടുത്തിരുന്നു..


(ആ സാനിറ്റൈസർ തുള്ളികൾക്ക് ശരിയായ അർത്ഥത്തിൽ കോവിഡിന്റെ വിലയുണ്ട്, ഈ യാത്രയിൽ എനിക്ക് പിടിപെട്ട കോവിഡാണല്ലോ ഇത്രയും എഴുതാനുള്ള സമയം തന്നത്) 


ഞാൻ പുറത്തേക്ക് നടന്നു, തിരിഞ്ഞു നോക്കിയില്ല, സത്യത്തിൽ അവരുടെ മകൾ വരുന്നവരെ കാത്തിരിക്കണം എന്നുണ്ടായിരുന്നു, പിന്നെ അത് മകളുടെ പ്രത്യുപകാര മൈൻഡ് സെറ്റ് സങ്കീർണതകൾ സൃഷ്ടിച്ചേക്കാം എന്ന് തോന്നലുകൊണ്ടാണോ എന്തോ....


യഥാർത്ഥത്തിൽ കിഴക്കേ കവാടം വഴി പോവേണ്ടി ഇരുന്ന ഞാൻ എന്താ ഈ ഗേറ്റിൽ എന്ന് അപ്പോഴാ ചിന്തിച്ചേ, എന്നാലും വിഷമം ഒന്നും തോന്നിയില്ല, ചെറിയ ചാറ്റൽ മഴയിൽ രസായി അങ്ങു നടന്നു, അന്നത്തെ അന്നത്തിനായി പോൻഡ്സ്‌ പൗഡർ പൂശിയ ഭിന്നലിംഗരും അവരോടു കച്ചവടം ഉറപ്പിക്കുന്ന പിള്ളേരുടെയും ഇടയിലൂടെ നടന്ന് ഒരു ഓട്ടോക്ക് കൈ നീട്ടി.....

Popular posts from this blog

ഒറ്റയാൻ