പ്രേമൻ

യാതൊരു അടുക്കും ചിട്ടയും ഇല്ലാത്ത ഈ നാളിൽ ഞാനും എന്തൊക്കയോ അടുക്കും ചിട്ടയുമില്ലാതെ കുറിക്കട്ടെ


സുഖം, ദുഃഖം, സന്തോഷം, സങ്കടം ഇനി അതുമല്ലെങ്കിൽ പരമസുഖം പരമദുഃഖം അമിതാഹ്ലാദം അതീവദുഃഖം ഇതൊക്കെ ആരാ തീരുമാനിക്കുന്നത്? 

ആരോ തീരുമാനിക്കുന്നു ല്ലേ..., 

അല്ലെങ്കിൽ നമ്മൾ അല്ല തീരുമാനിക്കുന്നത്..


നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ, ഞാൻ മുന്നേ പറഞ്ഞ സന്തോഷമായാലും സങ്കടമായാലും ശരി ഇവ ഒന്നും നമ്മെ ശാശ്വതമായി ബാധിക്കുന്നില്ല, അഥവാ അങ്ങനെ ബാധിച്ചാൽ നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ല


'ഇതിൽ സന്തോഷത്തെ പറ്റി കൂടുതൽ പറയണമെന്നില്ല, അതിന്റെ ആധിക്യം ആരെയും ബുദ്ധിമുട്ടിക്കുന്നില്ല എന്നത് തന്നെ ആണ് കാരണം.'


ദുഃഖം


നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ 'വേർപാട്', കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ, 'മരണം' ആണ് നമ്മിൽ ഏറ്റവും അധികം ദുഃഖം ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. 

ഇനി അതും വേണ്ട നാം എപ്പൊഴെങ്കിലുമായി ബന്ധപ്പെട്ട ഒരാളുടെ മരണം കേൾക്കുമ്പോൾ തന്നെ ഉള്ളിൽ എവിടെയോ ഒരു മുറിവുണ്ടാകും. 

മരണം ആണ് ഏറ്റവും വലിയ സത്യമെന്ന് വേണമെങ്കിൽ പറയാം. 

"ഇത് അതല്ല മറ്റൊന്നാണ്," അല്ലെങ്കിൽ "ഇയാൾ മരിച്ചിട്ടില്ല നിങ്ങൾക്ക് തോന്നിയതാണ്" എന്ന് കേൾക്കാൻ കഴിഞ്ഞാൽ അതാവും ഒരു പക്ഷെ നമുക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ സാന്ത്വനം.


 ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ഇഷ്ടക്കാർക്കുള്ള ദുഃഖത്തിനു അയാളുടെ പ്രായവുമായി യാതൊരു ബന്ധവുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഓരോ ആളുകളുടെയും emotional quotience അനുസരിച്ച് അവർ പ്രകടിപ്പിക്കുന്ന വികാരങ്ങൾക്ക് വ്യത്യാസം ഉണ്ടാവാമെങ്കിലും, ആ മരണം അവരെ ബാധിക്കുന്നത് ഏത് തരത്തിൽ ആവും എന്ന് പലപ്പോഴും നമുക്ക് പ്രവചിക്കാൻ പറ്റില്ല


(എന്റെ അച്ഛന്റെ മരണത്തിന്റെ മരവിപ്പിൽ നിന്നും കുറച്ച് എങ്കിലും മുക്തി നേടാൻ എനിക്ക് ഒരു രണ്ട് വർഷം എങ്കിലും എടുത്തു കാണും)


എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മറ്റൊരു സൗഹൃദവലയത്തിന്റെ ഏറ്റവും ബലമുള്ള കണ്ണി അറുക്കപ്പെട്ട ആഴ്ച ആണ് കടന്നു പോയത്.


 വീക്കെൻഡ് പാർട്ടികളുടെ രൂപത്തിലും കല്യാണ പാർട്ടികളുടെ രൂപത്തിലും ഈ സൗഹാർദ്ദം വളരെ കൗതുകത്തോടെ നോക്കി കണ്ടിട്ടുണ്ട് മുൻപ് എന്നത് കൊണ്ട് തന്നെ, ആ വേർപാട് എന്നെയും വല്ലാതെ  വേദനിപ്പിച്ചു. 

ബലമുള്ള കണ്ണി എന്നത് വാക്കുകളുടെ ഭംഗിക്ക് വേണ്ടി ഉപയോഗിച്ചതല്ല, വിട്ടു പിരിഞ്ഞത് അവരുടെ ഒക്കെ ഏറ്റവും പ്രിയപ്പെട്ടവൻ അതിലേറെ ഏറ്റവും ശക്തൻ അതിലേറെ ആ ചങ്ങലയെ ശരിയാംവണ്ണം ഇണക്കി ചേർത്തു നിർത്തിയിരുന്ന ഒരു പ്രഥമസ്ഥാനീയൻ തന്നെ ആയിരുന്നു.

(പ്രേമൻ എന്നും കണ്ണൻ എന്നും മറ്റും വിളിക്കുന്ന, ഞാൻ നേരിൽ പരിചയമുള്ള കച്ചവടക്കാരിൽ ഏറ്റവും മുന്നിലത്തെ നിരയിൽ തന്നെ സ്ഥാനം എന്നും കാണുമായിരുന്ന പ്രേം)


കാലം തീർച്ചയായും ഈ മുറിവിന്റെ വേദന കുറയ്ക്കുമെന്ന് പറയാമെങ്കിലും, ഇനി വരുന്ന കുറച്ചു കാലത്തേക്ക് ഉറ്റവർക്ക് അനുഭവിക്കേണ്ടി വരുന്ന ആ വേദന അതിൽ ഞാനും പങ്കു ചേരുന്നു. ആ കുടുംബത്തിന് വന്ന ദുഃഖത്തെ ഇങ്ങനെ ഒരു കുറിപ്പിലൂടെ കൂടി പോലും പ്രതിപാതിക്കാൻ ഉള്ള ശക്തി എനിക്കില്ല. ആ സന്ധ്യക്ക് കാണേണ്ടി വന്നത് എന്തോ അത്, ഇനി ഒരിടത്തും കാണുവാൻ ഇടയാകരുതേ എന്നിപ്പോൾ ഇടനെഞ്ചിൽ കൈത്തോട്ട് പ്രാർത്ഥിച്ചു പോകുന്നു


നാം മുൻകൂട്ടി തീരുമാനിക്കുന്നതിനും അപ്പുറത്തേക്ക്, നമ്മുടെ എല്ലാ തരത്തിലുമുള്ള planningകളും അപ്രസക്തമാക്കുന്ന എന്തോ ഒന്ന്, ഒരു ശക്തി, ഇതെല്ലാം നിയന്ത്രിക്കുന്നു എന്ന് കരുതി മുന്നോട്ട് പോവാനെ ഇപ്പോൾ സാധിക്കുകയുള്ളൂ...


ആയതിനാൽ നമുക്ക് കാത്തിരിക്കാം എല്ലാം നമുക്ക്‌ ഉള്ളിൽ ഒതുക്കാൻ പറ്റുന്ന ഒരു കാലം വരും എന്ന് വൃഥാ സ്വപ്‍നം കണ്ട് ഇനിയും നമുക്ക് ജീവിക്കാം...

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ