ഒരു ഒളിച്ചോട്ട കത്ത്

By an unknown writer
-------------------------------

അച്ഛനും അമ്മയും അറിയാന്‍,

ഞാന്‍ ഇനി വീട്ടിലേക്കില്ല.. പഠിച്ചു വളർന്ന്, ജോലി ആയി സ്വന്തം കാലില്‍ നില്‍ക്കാന്‍ പരുവമായപ്പോള്‍ വീട്ടുകാരെ പുഛിചു ഇറങ്ങി പോകുവാ എന്ന ക്ലീഷേ വര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അല്ല അച്ഛനും അമ്മയും എന്നെനിക്ക് നന്നായി അറിയാം. എനിക്ക് വേറെ വഴിയില്ല. ഞാന്‍ ഇവിടെ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ തന്നെ കാണും.. എനിക്ക് പ്രേമം ഒന്നും ഇല്ലെന്നും ഞാന്‍ ഏതേലും ചെക്കന്റെ കൂടെ ഒളിച്ചോടി പോവുകയില്ലെന്നും നിങ്ങള്‍ക്കും അറിയാം. എനിക്ക് പ്രേമം ഉണ്ടേല്‍ ആദ്യം അത് അമ്മ അറിഞ്ഞേനെ, അങ്ങിനെ ആണ് നിങ്ങള്‍ എന്നെ വളര്‍ത്തിയത്‌.. :) :)

പക്ഷെ ഞാന്‍ എത്ര പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ ഉണ്ട്.. പെണ്‍പ്പിള്ളേര്‍ ഒരു പ്രായം ആയി കഴിഞ്ഞാല്‍ പിന്നെ കെട്ടിച്ചു വിടണം എന്ന നാട്ടുനടപ്പിന് ഞാന്‍ എതിരല്ല. ഒരു കൂട്ട് ഉള്ളത് നല്ലത് തന്നെയാണ്.. നിങ്ങള്‍ നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരുമെന്നും എനിക്ക് ഉറപ്പുണ്ട്.. സ്ത്രീധനം മാത്രം നോക്കി വരുന്നവരെ നിങ്ങള്‍ ആ പരിസരത്തേക്കു അടുപ്പിക്കുകയില്ല എന്നും എനിക്ക് അറിയാം.. ഒന്നും ചോദിക്കാതെ വരുന്നവര്‍ ആണെങ്കില്‍ തന്നെ, നിങ്ങള്‍ ഇത്രയും സ്വര്‍ണ്ണം ഇട്ടേ അയക്കൂ എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണ്? അച്ഛനും അമ്മയും ജോലി ചെയ്ത് സമ്പാദിച്ചത് മുഴുവന്‍ എനിക്ക് വേണ്ടി ചിലവാക്കണം എന്ന് എന്തിനാണ് വാശി പിടിക്കുന്നത്? അമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ ജനിച്ച അന്നാണ് അച്ഛന്‍ സിഗ്രറ്റ് വലി നിര്‍ത്തിയത് എന്ന്. അതൊരു നല്ല കാര്യം ആണ്..അച്ഛന്‍ മാത്രമല്ല, ഒരുപാട് ശരാശരി മലയാളികള്‍ പെണ്‍കുഞ്ഞ് ജനിച്ചു എന്നറിയുമ്പോള്‍ തന്നെ ഇരുപതു വര്‍ഷങ്ങള്‍ക്കു അപ്പുറം അവളെ കെട്ടിച്ചയക്കാന്‍ ഉള്ള പ്ലാന്‍ ഉണ്ടാക്കി തുടങ്ങും.. അതിനു വേണ്ടി ഒരുപ്പാട്‌ കാര്യങ്ങൾ അവർ വേണ്ടാ എന്ന് വയ്ക്കും  :( :(

എൻ്റെ അനിയന്‍ കണ്ണന് ഒരു നാല്‍പതിനായിരം രൂപ ശമ്പളം കാണും, അവന്‍ പോലും തിരുവനന്തപുരം വരെ പോകണമെങ്കില്‍ കാറിലേ യാത്ര ചെയ്യതോള്ളൂ.. അതേ മകന്റെ അച്ഛന്‍ ഏതാണ്ട് മുപ്പത് വര്‍ഷം ജോലി ചെയ്തിട്ടും ഒരു സ്കൂട്ടര്‍ അല്ലാതെ വേറെ എന്തെങ്ങിലും വാങ്ങണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതേ അച്ഛന്‍ എന്തിനാണ് എനിക്ക് വരുന്ന ചെറുക്കന് പത്തു ലക്ഷം രൂപ ചിലവാക്കി കാര്‍ മേടിച്ചു കൊടുത്തേ അടങ്ങൂ എന്ന് വാശി പിടിക്കുന്നത്.. കാര്‍ കിട്ടാന്‍ വേണ്ടി കല്യാണം കഴിക്കുന്ന സമ്പ്രദായം തന്നെ എന്ത് ചീപ് ആണ്?. സ്വന്തം കാശിനു വണ്ടി മേടിച്ചു ഓടിക്കാത്തവന്‍ ആണാണോ?? അച്ഛന്‍ എന്നെ ഒരു ആണിനെ കൊണ്ട് വേണ്ടേ കെട്ടിക്കാന്‍?? :P

മുന്നാറും, ഊട്ടിയും, കന്യാകുമാരിയും അല്ലാതെ ഏതേലും സ്ഥലം നിങ്ങള്‍ കണ്ടിട്ടുണ്ടോ?? കോളേജില്‍ പഠിക്കുന്ന കാലത്ത് എനിക്കും, കണ്ണനും ഒക്കെ എവിടെ കറങ്ങാന്‍ പോകണമെങ്ങിലും നിങ്ങള്‍ മടി കൂടാതെ സമ്മതിക്കുമായിരിന്നു, വിദ്യാഭാസം മാത്രമാണ് മാതാപിതാക്കള്‍ മക്കള്‍ക്ക്‌ അല്ലല്‍ ഇല്ലാണ്ട് ചെയ്തു കൊടുകേണ്ടത്‌..ആ കാര്യത്തില്‍ നിങ്ങള്‍ സമ്പൂര്‍ണ വിജയം കൈവരിക്കുക ചെയ്തിട്ടും ഉണ്ട്.. മതി മക്കള്‍ക്ക്‌ വേണ്ടി കഷ്ടപ്പെട്ടത്.. നൂറു പവനും മൂന്നാല് ഫന്ക്ഷനും നടത്തി എന്നെ പറഞ്ഞയച്ചാല്‍ നിങ്ങള്‍ എന്താണ് നേടുക? പത്തു വര്‍ഷം കൂടി കടം മേടിച്ചു കൂട്ടി എന്തിനാണ് നിങ്ങള്‍ എന്നെ പടിയിറക്കി വിടുന്നത്.. ആളുകള്‍ വീട് വിറ്റിട്ട് കല്യാണം നടത്തുന്ന ഏക രാജ്യമാകും നമ്മുടെ ആര്‍ഷഭാരതം..

ഒരു അധ്യാപകനായ  അച്ഛ്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മയ്ക്കും ഞാന്‍ ഈ പറയുന്നത് മനസിലായില്ല എങ്കില്‍ മറ്റു തലത്തില്‍ പെട്ട മലയാളികള്‍ക്ക്  ഇത് ഉള്‍കൊള്ളാന്‍ എത്ര പാടാണെന്ന് ഓര്‍ക്കണം.. നിങ്ങള്‍ പറയുന്ന ഒരു കാര്യം, സ്വര്‍ണം ഇല്ലാതെ കല്യാണം നടത്തിയാല്‍, നമ്മള്‍ ലുബ്ധ് കാണിച്ചെന്നു നാട്ടുകാര് പറയുമെന്നല്ലേ?? അവര്‍ പറഞ്ഞോട്ടെ, നിങ്ങള്‍ എന്നെ വളര്‍ത്തി, നല്ലപോലെ പഠിപ്പിച്ചു, ആ വിദ്യാഭാസവും, സംസ്കാരവും ആണ് എന്നിലെ ധനം.. അത് മതി എനിക്ക് ജീവിക്കാന്‍.. കല്യാണത്തിനു വരുന്ന ആയിരം അതിഥികളെ ഒരു ദിവസത്തേക്ക് ബോധ്യപ്പെടുത്താന്‍ വേണ്ടി എന്‍റെ അച്ഛന്റേം അമ്മയുടെം ജീവിതകാല സമ്പാദ്യം തുലയിച്ചു കളയാൻ എനിക്ക് താല്പര്യമില്ല.. ഇത് പണ്ടേയ്ക്ക് പണ്ടേ ആരേലും ചെയ്തു തുടങ്ങിയിരുന്നുവെങ്കില്‍, ഈ കണ്ണില്‍കണ്ട സ്വര്‍ണ്ണകടകള്‍ ഒന്നും കേരളത്തില്‍ ഉണ്ടാവുമായിരുന്നില്ല.. എന്‍റെ കല്യാണം നടത്താന്‍ നിങ്ങള്‍  ചിലവാക്കാന്‍ ഉദ്ദേശിക്കുന്ന നാല്‍പതു ലക്ഷം രൂപ ബാങ്കില്‍ കൊണ്ടിട്ടാല്‍, (സഹകരണത്തില്‍ ഇടല്ലേ, ഒണ്‍ലി വൈറ്റ് മണി) ഏതാണ്ട് ഇരുപത്തിമൂവായിരം രൂപ മാസം പലിശ കിട്ടും.. :D

ഞാന്‍ ആരേം പ്രേമിക്കാന്‍ ഒന്നും പോകുന്നില്ല, ഞാന്‍ ഇവിടെ തന്നെ കാണും.. നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള ചെക്കനെ കണ്ടു പിടിച്ചോളൂ, പക്ഷെ ഞാന്‍ മണ്ഡപത്തില്‍ കയറുമ്പോള്‍ ഒരു ചെറിയ മാല, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ക്യൂട്ട് മാല,, പിന്നെ രണ്ടു കയ്യിലുമായി നാല് വള, ഒരു മോതിരം, ഒരു സെറ്റ് കമ്മൽ,   കൂടിപോയാല്‍ ഒരു അയ്യായിരം രൂപയുടെ സാരീ, അതും വീണ്ടും ഉടുക്കാന്‍ പറ്റുന്ന സാരീ... കാറും, ദോശക്കല്ലും, ചട്ടുകവും ഒന്നും വേണ്ടാത്ത വിദ്യാഭാസം ഉള്ള, സ്വന്തം കാലില്‍ നില്‍കുന്ന ചെക്കന്‍, 'സ്വര്‍ണം ഇല്ലേ' എന്ന് അവിടെ കിടന്നു പരദൂഷണം പറയാത്ത അതിഥികള്‍, സിമ്പിള്‍ കല്യാണം... ഇത്രയും ഓക്കേ ആണെങ്കിലേ ഞാന്‍ വീട്ടിലോട്ട് വരുത്തോള്.. ഗിഫ്റ്റ് എന്നും പറഞ്ഞു ബാങ്കിലെ ക്ലാര്‍ക്കിനു കാശ് കൊടുക്കണ പോലെ എന്‍റെ കയ്യില്‍ ആരും കാശും കൊണ്ട് തരണ്ട,,, അച്ഛനും അമ്മയും പണ്ട് വേറെ കല്യാണങ്ങള്‍ക്ക് കൊടുത്തത് തിരിച് പിടിക്കാന്‍ ഒന്നും അല്ലാലോ എന്നെ കെട്ടിക്കുന്നെ? ഉവോ ?? :p :p

ഞാന്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്... ആരെങ്കിലും ഇങ്ങിനെ മുന്‍കൈ എടുത്താലെ ഈ ട്രെന്‍ഡ് ഒക്കെ ഇല്ലാണ്ട് ആകൂ,,,
ചത്ത്‌ കളയും വന്നില്ലേല്‍ എന്നൊന്നും പറഞ്ഞു എന്നെ വിരട്ടുന്ന പൈങ്കിളി മാതാപിതാകള്‍ അല്ല നിങ്ങള്‍, മൈ സ്വീറ്റ് പാരെന്റ്സ്, ഉമ്മ. :* :*.

ഇത് വായിച്ചു തല പുകഞ്ഞു നില്‍ക്കുമ്പോള്‍, ആ ടിവി യുടെ മുകളില്‍ ഒരു കവര്‍ ഉണ്ട്.. കാശ്മീരിലേക്ക് ഒരു അഞ്ച് ദിവസത്തെ ട്രിപ്പ്‌ ആണ്.. വിവരങ്ങള്‍ ഒക്കെ കണ്ണനു അറിയാം.. അവന്‍ പറഞ്ഞു തരും... അവിടെ ഒക്കെ പോയി അച്ഛനും അമ്മയും അടിച്ചുപൊളിച്ചിട്ട്‌ വാ.. ആദ്യമായി ഫ്ലൈറ്റില്‍ ഒക്കെ ഒന്ന് കയറ്.. ജീവിതം ജോലി എടുക്കാന്‍ മാത്രം ഉള്ളതല്ല.. ആ തണുപ്പത്ത് പോയി ഇരിന്നു ആലോചിക്ക്, ഞാന്‍ പറഞ്ഞതില്‍ എന്തേലും തെറ്റ് ഉണ്ടോ എന്ന്.. സിങ്കപ്പൂര്‍ ആയിരിന്നു ഞാനും കണ്ണനും കൂടി ആദ്യം പ്ലാന്‍ ചെയ്തത്.. ശരാശരി മിഡില്‍ ക്ലാസ്സ്‌ മലയാളി മാതാപിതാകള്‍ക്ക് എവിടാ പാസ്പോര്‍ട്ട്‌? :/ തിരിച് വന്നാല്‍ ഉടന്‍ പാസ്പോര്‍ട്ട് എടുത്തോണം, ട്ടാ.. :)

എന്ന് നിങ്ങടെ സ്വന്തം പുത്രി
അഞ്ജന സി

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ