ഒരു യാത്രാമൊഴി

"അയ്യപ്പേട്ടാ...."

ഞാൻ തിരിഞ്ഞു നോക്കുന്നതിനു മുൻപേ തന്നെ അവൻ പുറകിലൂടെ എന്റെ തോളിൽ കൈ വെച്ച് തല എന്റെ പുറത്തു ചാരി നിന്നു. അവന്റെ ഏങ്ങൽ കുറച്ചുറക്കെയായപ്പോൾ ഞാൻ തിരിഞ്ഞു നിന്ന് അവന്റെ ചുമലിൽ പിടിച്ച് കുറച്ചു ഒതുക്കി മാറ്റി നിർത്തി..

നമ്മളെ സച്ചിയേട്ടൻ...
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു....

മൃതദേഹം പൊതുദർശനത്തിനു വെച്ച ഹൈക്കോടതി വളപ്പിലെ വശങ്ങളിലെ സന്ദർശകർക്കുള്ള കസേരകളിലൊന്നിലേക്ക് ഞാൻ അവനെ ഇരുത്തി. ഏതൊക്കയോ ശക്തി ഉപയോഗിച്ച് കടിച്ചു പിടിച്ച എന്റെ ഉള്ളിലെ സങ്കടക്കടൽ പൊട്ടിയൊഴുകാൻ തുടങ്ങി.

എനിക്കും കോശിക്കും സച്ചി ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു. ഇത്രയും വിങ്ങിപൊട്ടുന്ന കോശിയെ ഞാൻ ഇതിനു. മുൻപ് കണ്ടിട്ടില്ല, മാസങ്ങൾക്ക് മുൻപ് അവന്റെ അപ്പൻ മരിച്ചപ്പോൾ പോലും.

ഇന്ന് കട്ടപ്പനയിലുള്ള ഒരു ദിവസം പോലും ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. അവന്റെ അയ്യപ്പൻ നായർ വിളി അയ്യപ്പേട്ടനിലേക്ക് എത്താൻ അധികം നാൾ എടുത്തിരുന്നില്ല. ഞാൻ കട്ടപ്പനയിലേക്ക് പോസ്റ്റിംഗ് കിട്ടി വരുന്ന കാര്യത്തിൽ മാത്രമേ അവനു അറിവില്ലാതിരുന്നൊള്ളു. പിന്നെയുള്ള എന്റെ ഓരോ കാര്യത്തിലും അവന്റെ ശ്രദ്ധ ഞാൻ അറിയാതെ ഉണ്ടായിരുന്നു.

ഒരിക്കൽ അവൻ പറഞ്ഞത് ഞാൻ ഓർക്കുന്നു. "ഞാൻ എന്ന പട്ടാളക്കാരനേക്കാൾ, പ്രമാണിയേക്കാൾ, മണ്ണിൽ ചവിട്ടി നിൽക്കുന്ന കോശിയിൽ ആണ് ഞാൻ അഭിമാനം കൊള്ളുന്നത് എന്ന്"

പിന്നീട് അവനിലൂടെ കണ്ട പല കർഷക സാമൂഹിക മുന്നേറ്റങ്ങൾക്കും ഊർജ്ജം പകരാനോ കൂടെ നിൽക്കാനോ പറ്റിയിട്ടുണ്ട് എന്നത് വളരേയധികം സന്തോഷമുളവാക്കുന്നതാണ്.

വെറും പകയും അഹംബോധവും അന്ന് ഞങ്ങളിൽ കുറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും ഇന്ന് ഈ റിട്ടയർമെന്റ് മാസത്തിൽ ഞാൻ സന്തോഷവാനായിരുന്നു...
അതിനിടക്കാണ് ഞങ്ങളുടെ സ്വന്തം സച്ചിയുടെ ഈ വിട പറയൽ.

കറുകറുത്ത ആ മേഘ കൂട്ടങ്ങൾക്കിടയിൽ മുറുക്കി ചുവപ്പിച്ചു എന്തോ ചിന്തിച്ച് കാലിന്മേൽ കാലും കയറ്റിയിരിക്കുന്ന തന്നെ എനിക്ക് കാണാൻ കഴിയുന്നുണ്ടെടോ...

സാരമില്ല, നമുക്ക് കാണാം

എന്ന്

സ്വന്തം
അയ്യപ്പൻ നായർ

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ