വല്ല്യമ്മ


വല്യമ്മയെ വിളിച്ചിരുന്നു, കുറേ സംസാരിച്ചു. പല്ലു വെക്കുന്ന വിശേഷം ഒക്കെ പറഞ്ഞു. 4 സിറ്റിംഗ് ആണ് ഡോക്ടറുമായി എന്നൊക്കെ പറഞ്ഞു. അരുൺ (കൂടെ താമസിക്കുന്ന deutsche bankil ജോലി ചെയ്യുന്ന കുട്ടി) വലിയ ഉപകാരി ആണ് എന്ന് പറഞ്ഞു. പനമ്പിള്ളി നഗറിലേക്ക് പിന്നീട് താമസം ആക്കിയ ബോംബെയിലെ പഴയ കൂട്ടുകാരി (ഞാൻ അറിയും) സത്യഭാമ എന്നവർ മരിച്ച കാര്യം പറഞ്ഞു. ബോംബെയിലെ ഒരു ഡോക്ടർ കൂട്ടുകാരി ഉണ്ടായിരുന്നവർ stroke ആയി ഇപ്പോൾ വേറെ എവിടെയോ ആണ് (മകളുടെ കൂടെ) താമസിക്കുന്നത് എന്നു പറഞ്ഞു.
വല്യമ്മയെ സ്വന്തം കാര്യം നോക്കാൻ നന്നായി അറിയുന്ന ഒരാളായി എല്ലാരും പറയുന്നത്. ഇപ്പോൾ 84 വയസ്സായി. നേരത്തെ പറഞ്ഞ നിലമ്പൂർക്കാരൻ (ഭാഗ്യത്തിന് രക്തബന്ധു അല്ല) ആണ് ഇപ്പോൾ സഹായി ആയി ഉള്ളത്. വല്യമ്മക് സാമ്പത്തികമായി വല്ല്യ ബുദ്ധിമുട്ടൊന്നുമില്ല. വല്യമ്മയുടെ അവകാശികൾ ചിലവിനു കൊടുക്കും. ആള് (പഴയ☺😊)MA ക്കാരി ആണ്. നന്നായി വായിക്കും, TV കാണും.
50 കൊല്ലത്തിൽ അധികമായി ബോംബെയിൽ ആയിരുന്നത് കൊണ്ട് കുറെ പരിചയക്കാർ ഉണ്ട്. അവരെ കൊണ്ടൊക്കെ കാര്യങ്ങൾ സാധിച്ചെടുക്കും. ഇത്രയും പ്രായമായി എങ്കിലും, ആരും കാര്യമായി നോക്കാൻ ഇല്ല എങ്കിലും ജീവിതത്തെ പറ്റി വല്ല്യ ആശങ്ക ഒന്നുമില്ല.
"എന്തിനാ നിങ്ങളയൊക്കെ ബുദ്ധിമുട്ടിക്കണേ" എന്നാണ് നാട്ടിൽ പൊന്നൂടെ എന്നു സഹോദരങ്ങൾ ഒക്കെ ചോദിച്ചാൽ ഉള്ള നിലപാട്. അതു കൊണ്ടു തന്നെ ഞങ്ങൾക്ക് എന്തേ 'വല്യമ്മേ നാട്ടിലേക്ക് വരുന്നോ' എന്നു ചോദിക്കാൻ നല്ല ധൈര്യമാണ്, ഒരിക്കലും വന്നു ബുദ്ധിമുട്ടിക്കില്ലല്ലോ.
ഞങ്ങളൊക്കെ ന്യൂ ജൻ ആണ്. അതു കൊണ്ട് തന്നെ നല്ല തിരക്കാണ്. ഈ വയസ്സായവരെ നോക്കുന്നതിൽ ഒന്നും ഒരു ത്രില്ലുമില്ല. വേണമെങ്കിൽ അഞ്ചോ പത്തോ ബഗ്‌സ് കൊടുക്കാം (ഒന്നു രണ്ടു പ്രാവശ്യം ഒക്കെ അതും പറ്റൂ, കാരണം ഞങ്ങൾ അടുത്ത വർഷം ഒരു ഹെവി യൂറോപ്പ്യൻ ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്).
പിന്നെ ഞങ്ങളോട് ആരും ഒന്നും ചോദിക്കാൻ ധൈര്യപെടില്ല. കണക്കിന് കൊടുക്കും ഞാൻ. "ഈ പറയുന്നവരൊന്നും ഞങ്ങളുടെ കാര്യം നോക്കാൻ വരില്ലല്ലോ, പിന്നെ അഭിപ്രായം പറയാൻ ആർക്കും പറ്റും". ഈ നിലപാട് ആണ് ഞങ്ങളുടെ പൊതുവെ ഉള്ള ഒരു ഇത്.
പിന്നെ ചില ദരിദ്രവാസികൾ ഉണ്ട് എല്ലാ കുടുംബത്തിലും, എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കി നടക്കുന്നവർ. അവർ അവരുടെ പരാജയം മറച്ചുവെക്കാൻ വല്ല്യ സ്നേഹികൾ ആയി നടിക്കും. വയസ്സായവരെ കൊണ്ട് ആശുപത്രിയിൽ ഒക്കെ പൊയി, അത് നാട്ടുകാരെ മൊത്തം അറിയിച്ചു, നമ്മെ നാണം കെടുത്താൻ ശ്രമിക്കും. നമ്മുടെ success കണ്ട് അസൂയപൂണ്ടവർ ആണവർ.
വല്യമ്മക് കഴിഞ്ഞ പിറന്നാളിന് സമ്മാനമായി ഒരു കത്തു വന്നു. രണ്ടു കൊല്ലം മുൻപ് മരിച്ചു പോയ വല്യച്ഛൻ ചൊല്ലുന്ന രീതിയൽ ഒരു കവിതാശകലം.
നേരത്തെ പറഞ്ഞ ഏതോ ദരിദ്രവാസി ബന്ധുവിന്റെ ഒരു കൗതുകം ആണ്. സങ്കടം വരണ്ട എന്നു കരുതി ഞാനത് വല്യമ്മയെ കാണിച്ചില്ല. ഇങ്ങനെ ആയിരുന്നു വരികൾ:
മരിച്ചുപോയി ഞാൻ എന്നറിഞ്ഞിരിക്കിലും
തരിച്ചുപോകുന്നെൻമനം
തനിച്ചിരിക്കുമെൻ പാതിയെയോർത്ത്
സൂനുസൂതതൻ നോട്ടമില്ലെങ്കിലും
ദത്തനായുള്ളവൻ തൻ സൗജന്യ_
മെന്നു വേണ്ടീലയെന്നു തോന്നുന്നുവോ...
പൊന്നീടുകെൻ സഖീ വിഷ്ണു പാദത്തിങ്കൽ
എങ്കിലുംമെൻ സഖീ വേണ്ടഹോ ദുര്വിധി
എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ
എത്ര പോന്നാലുമവർ നമ്മൾ തൻ ആത്മജർ
അങ്ങനെ പോകുന്നു വല്ല്യമ്മ വിശേഷങ്ങൾ. കുറച്ചു കാലം മുൻപ് പെരുമ്പാവൂരെ ഒരു മരകടയിൽ നിന്ന് നല്ല കുഷ്യൻ ഒക്കെ ഉള്ള ഒരു ചാരുകസേര വാങ്ങിച്ചിരുന്നു. മുകളിലത്തെ നിലയിൽ ഉണ്ട് അത്. പൊടിയൊക്കെ തട്ടി അത് സൂക്ഷിച്ചു വെക്കണം. നമ്മളും വയസ്സാവുകയല്ലേ. എന്തിനാ വെറുതെ ഒരു ആശങ്ക ആ സമയത്ത്. കാലും നീട്ടി അതിൽ കിടക്കാലോ.
എന്തായാലും നോക്കാം, വൈകുന്നേരത്തെ പാർട്ടി മിസ്സ് ആകും ഇനിയും വൈകിയാൽ, സ്കോച്ച്‌ ഒക്കെ അടിച്ചു കൊറച്ചു വല്ല്യ കാര്യങ്ങൾ ഒക്കെ പറഞ്ഞ ഷൈൻ ചെയ്യണം. ഇന്ന് ആഗോളതാപനവും ഇന്ത്യൻ എക്കണോമിയും ആയിക്കോട്ടെ വിഷയങ്ങൾ.

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ