രാഗാലാപനങ്ങൾ

Written by Ranjith Varrier (Kottakkal)

രാഗാലാപനങ്ങൾ
-----------------------------
വൈവിധ്യമാർന്ന രാഗാലാപന സമ്പ്രദായങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സംഗീതപദ്ധതി. ഒരു രാഗം തന്നെ പലവുരു കേട്ടാലും, അത് വിസ്തരിക്കുന്നതിലെ വൈവിധ്യമാണ് നമ്മെ വീണ്ടും കച്ചേരികളിലേക്ക് അടുപ്പിക്കുന്നത്. ഒരു ഗായകൻ ഒരു രാഗത്തെത്തന്നെ ഓരോ കച്ചേരിയിലും ഓരോ രീതിയിലായിരികും സമീപിക്കുന്നത്. കർണ്ണാടക സംഗീതത്തെ എന്നും പുതുമയോടെ നിലനിർത്തുന്ന ഈ ശൈലീഭേദങ്ങൾ എങ്ങിനെ സംഭവിക്കുന്നു? ഒന്നന്വേഷിച്ചു നോക്കാം.
1. ശാരീരം:
ആലാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം ഗായകന്റെ ശാരീരം തന്നെയാണ്. എം.ഡി.രാമനാഥന്റെ (എം.ഡി.ആർ) ഘനഗംഭീരമായ ശബ്ദത്തിൽ നിന്ന് പുപ്പെടുന്ന കാംബോജിയും, മുസ്‌രി സുബ്രഹ്മണ്യയ്യരുടെ ഉയർന്ന ശ്രുതിയിൽ നിറഞ്ഞുനിൽക്കുന്ന കാംബോജിയും നൽകുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ്! നീണ്ട് പതിഞ്ഞ മട്ടിലുള്ള സംഗതികളായിരുന്നു  എം.ഡി.ആറിന്റെ രാഗ വിസ്താരങ്ങളിൽ അധികവും.   . മനോവേഗത്തെ അനുഗമിക്കാൻപോന്ന നാദം ജൻമനാ ലഭിച്ചവരാണ് ജി.എൻ. ബാലസുബ്രഹ്ണ്യവും (ജി.എൻ.ബി), ടി.എൻ.ശേഷഗോപാലനുമൊക്കെ. അതുകൊണ്ട്തന്നെ  അവർ രാഗം പാടുമ്പോൾ മിന്നൽ പിണരുകൾപോലെ ബൃഗകൾ പ്രയോഗിക്കുന്നതു കേൾക്കാം.  മൂന്നു സ്ഥായികളിലും അനായാസം ശബ്ദസഞ്ചാരം നടത്തിയിരുന്ന എം.ബാലമുരളികൃഷ്ണയുടെ രാഗാലാപനങ്ങൾ കേൾവിക്കാർക്ക് എന്നും ഹരമാണ്.
ഇവരെല്ലാംതന്നെ തന്റെ ശാരീരത്തിന് ഏറ്റവും ഇണങ്ങുന്ന തരത്തിലുള്ള ശൈലി കണ്ടെത്തിയവരാണ്. ഈ ശൈലിക്കുള്ളിൽ നിന്നുകൊണ്ട് ശിഷ്യരും പ്രശസ്തരാകുമ്പോഴാണ് അതൊരു 'ബാണി' ആയി മാറുന്നത്. മുധുരൈ മണിഅയ്യരുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ടി.വി.ശങ്കരനാരായണനും, ജി.എൻ.ബി യുടെ ശൈലി പിൻതുടരുന്ന തൃശ്ശൂർ.വി.രാമചന്ദ്രനുമൊക്കെ തങ്ങളുടെ ബാണിയുടെ വൈശിഷ്ട്യം എടുത്തു കാണിക്കുന്നതിൽ ഇന്നും നിഷ്കർഷയുള്ളവരാണ്.
2. ദൈർഘ്യം:
അടിസ്ഥാനപരമായി സംഗ്രഹ ആലാപന എന്നും സമ്പൂർണ്ണ ആലാപന എന്നും രണ്ടു തരമായി രാഗാലാപനത്തെ വേർതിരിക്കാറുണ്ട്. ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് രാഗത്തിന്റെ സ്വരൂപവും സൗന്ദര്യവും വെളിവാക്കുന്നതിനെയാണ് സംഗ്രഹാലാപന എന്ന് പറയുന്നത്. വേഗമേറിയതോ മദ്ധ്യമകാലത്തിലുള്ളതോ ആയ കൃതികൾക്ക് മുമ്പെയാണ് ഇത് പ്രയോഗിക്കാറ്. കൂടാതെ ചില രാഗങ്ങൾ വിസ്തരിച്ച് പാടുന്നതിനേക്കാൾ ശോഭിക്കുന്നത് സംഗ്രഹിച്ച് പാടുമ്പോഴാണ്. വർണ്ണം, പദം, ജാവലി, ഭജൻ എന്നിവയ്ക്ക് മുൻപും രാഗത്തിന്റെ വിശേഷ പ്രയോഗങ്ങൾ പാടിവയ്ക്കുന്നത് വളരെ ആസ്വാദ്യമാണ്. എന്നാൽ കച്ചേരിയിൽ പാടുന്ന എല്ലാ ഇനങ്ങൾക്കും രാഗമാലപിക്കാറില്ല താനും.
കച്ചേരിക്ക് പ്രധാന ഇനങ്ങളായ കൃതികൾക്കോ (മെയിൻ/സബ് മെയിൻ), രാഗം താനം പല്ലവിക്കോ മുൻപെയാണ് സമ്പൂർണ്ണ ആലാപനം നടത്തുന്നത്. പാടാൻ ഉദ്ദേശിക്കുന്ന രാഗത്തിന്റെ വലിപ്പത്തിനും ഗായകന്റെ ഭാവനയുടെ ആഴത്തിനും അനുസരിച്ച് അത് പത്ത് മിനിറ്റ് മുതൽ മുപ്പതോ നാൽപ്പതോ മിനിറ്റ് വരെയൊക്കെ നീണ്ടു പോകാറുണ്ട്.
3. ഘടന:
ഒരു രാഗത്തിനു തന്നെ പല ഭാവങ്ങൾ കൈവരുന്നത് അവ പ്രായോഗിക്കുന്നതിലെ രീതിയും ഘടനയും മാറുന്നതുകൊണ്ടാണ്. ഉദാഹരണത്തിന്, പാടാനുദ്ദേശിക്കുന്ന കീർത്തനം തുടങ്ങുന്ന അതേമട്ടിൽ രാഗാലാപന തുടങ്ങുന്ന സമ്പ്രദായമുണ്ട്. 'കൊലുവമരഗത' എന്ന ത്യാഗരാജ കൃതിക്ക് താരസ്ഥായിയിൽ തോഡി രാഗം തുടങ്ങുന്നതു പോലെയാകില്ല 'കാമാക്ഷി' എന്നു തുടങ്ങുന്ന ശ്യാമശാസ്ത്രികളുടെ തോഡി സ്വരജതിക്ക് രാഗമാരംഭിക്കുന്നത്. ചില രാഗദേവതകളെ അതിവേഗം പ്രത്യക്ഷമാക്കാൻ ചില സ്ഥായികളിൽ നിന്ന് തന്നെ ആരംഭിക്കണം. മേൽ ഷഡ്ജത്തിൽ നിന്ന് തുടങ്ങുന്ന പന്തുവരാളി പോലെ. എന്നാൽ ഏതു സ്വരത്തിലും തുടങ്ങാവുന്ന രാഗമാണ് തോഡി. പാടാനുദ്ദേശിക്കുന്ന കൃതിയുടെ സവിശേഷതകൾ ചിലർ രാഗാലാപനത്തിനിടയിൽ സൂചിപ്പിക്കാറുണ്ട്. കൃതിയുടെ സ്ഥായി,  കാലപ്രമാണം, വിശേഷ പ്രയോഗങ്ങൾ എന്നിവയോടെല്ലാം അടുത്ത് നിൽക്കുന്നതായിരിക്കും അത്തരം രാഗവിസ്താരങ്ങൾ.
രാഗങ്ങളുടെ സ്വരൂപവും വലിയൊരളവിൽ ആലാപനരീതിയെ സ്വാധീനിക്കുന്നവ തന്നെ. ഒരോ രാഗങ്ങളുടേയും ജീവസ്വരങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടായിരിക്കും ഗായകൻ അവയെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുക. സമ്പൂർണ്ണ രാഗങ്ങൾ, ഓഡവ/ ഷാഡവ രാഗങ്ങൾ, വക്രസമ്പൂർണ്ണ രാഗങ്ങൾ, ശുദ്ധമധ്യമ രാഗങ്ങൾ, പ്രതിധ്യമ രാഗങ്ങൾ, പഞ്ചമവർജ്യ രാഗങ്ങൾ, വിവാദി രാഗങ്ങൾ, മറ്റു ജന്യ രാഗങ്ങൾ എന്നിങ്ങനെ ഓരോ ഗണത്തിൽ പെടുന്നവയും ആലപിക്കേണ്ടത്  വ്യതസ്ത രീതികളിലാണ്. മുഖാരി, ധന്യാസി, ബേഗഡ മുതലായ ചില രാഗങ്ങൾക്കെല്ലാം നിർബന്ധമായും പാടിയിരിക്കേണ്ട സംഗതികളും സഞ്ചരിക്കേണ്ട രീതികളുമുണ്ട്. അതുപോലെതന്നെ പലരാഗങ്ങൾക്കും സമാനരാഗങ്ങളുടെ ഛായ വരാതിരിക്കാൻ നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗളുമുണ്ട്. ഇവയെല്ലാം പാലിക്കാതെ വരുമ്പോഴാണ് നമുക്ക് ചില ആലാപനങ്ങൾ പൂർണ്ണമായില്ലെന്നോ നിറഞ്ഞുനിന്നില്ലെന്നോ ഒക്കെ തോന്നുന്നത്. കീർത്തനം തുടങ്ങുന്ന സ്ഥായിയിൽ തന്നെ രാഗം കൊണ്ടുപോയി നിർത്തുമ്പോൾ അത് വളരെ സ്വാഭാവികമായ ഒരു തുടർച്ചയായി മാറുന്നു.
പല്ലവികൾക്ക് രാഗം പാടുമ്പോൾ അവ പലഘട്ടങ്ങളായി തിരിക്കാറുണ്ട്. ആദ്യ ഘട്ടത്തിലൊരാമുഖം, പിന്നീട് ക്രമേണ ഓരോ സ്ഥായിയിലും നിർത്തി വിസ്തരിക്കൽ, അവസാനം എല്ലാം സ്ഥായികളും തൊട്ടുകൊണ്ടുള്ള ദീർഘ സഞ്ചാരങ്ങൾ. രണ്ടോ അതിലധികമോ രാഗങ്ങളിൽ പല്ലവി പാടുമ്പോൾ രാഗഛായ സ്വരങ്ങളും, വിശേഷ പ്രയോഗങ്ങളും വളരെ സമർത്ഥമായി ഇഴചേർത്തുകൊണ്ടാണ് മേൽപ്പറഞ്ഞ ഓരോ ഘട്ടങ്ങളും സമ്പുഷ്ടമാക്കുന്നത് .
4. സദസ്സ്‌:
ഗായകൻ അഭിമുഖീകരിക്കേണ്ട സദസ്സിന്റെ സ്വഭാവവും ആലാപനത്തെ സ്വാധീനിക്കാറുണ്ട്. സഭ കച്ചേരി, ഉൽസവപ്പറമ്പ് കച്ചേരി, ചേംബർ കച്ചേരി, ആകാശവാണി കച്ചേരി, വാഗ്ഗേയകാര ആരാധന കച്ചേരി എന്നിങ്ങനെ വിഭിന്നമായ സാഹചര്യങ്ങളിൽ ചെയ്യുന്ന രാഗാലാപനങ്ങൾക്ക് വ്യത്യാസങ്ങളുണ്ട്.
സാമാന്യേന ഉൽസവപറമ്പുകളിൽ വരുന്ന വ്യത്യസ്തമായ അഭിരുചികളുള്ള ജനക്കൂട്ടത്തിന് മുന്നിൽ സുപരിചിതങ്ങളായ രാഗങ്ങൾ മിതമായി, അധിക സമയം എടുത്ത് കാടുകയറാതെ  വിസ്തരിക്കുകയാണ് പതിവ്. എന്നാൽ സഭകച്ചേരി കേൾക്കാൻ വരുന്നവർ കച്ചേരി കേട്ടു ശീലിച്ചവരാകയാൽ അപൂർവ്വ രാഗങ്ങൾ ആലപിക്കാം, അവരുടെ പ്രതികരണങ്ങൾക്കനുസരിച്ച് ദൈർഘ്യവും നിശ്ചയിക്കാം. ചേംബർ കച്ചേരികളിൽ തൊട്ടു മുന്നിലിരിക്കുന്ന ചെറിയ സദസ്സുമായി ആശയവിനിമയം വളരെ സുഗമമാണ്. അതിനാൽ അവിടങ്ങളിൽ നടക്കുന്ന കച്ചേരിയുടെ വിജയത്തിൽ ആസ്വാദകർക്ക് വളരെവലിയ പങ്കുണ്ട്. ഒരു മണിക്കൂറിനുള്ളിൽ തീർക്കേണ്ട ആകാശവാണി കച്ചേരികളിൽ കാച്ചിക്കുറുക്കി രാഗത്തിന്റെ സത്ത മാത്രം എടുത്തുതരുന്ന തരത്തിലായിരിക്കും ആലാപനം. വാഗ്ഗേയകാരൻമാരുടെ സ്മരണക്കായി നടക്കുന്ന സംഗീതോത്സവങ്ങളിലും രാഗ വിസ്താരത്തേക്കാൾ പ്രാധാന്യം അവരുടെ
കൃതികൾ അവതരിപ്പിക്കുന്നതിലായിരിക്കും.
മേൽപ്പറഞ്ഞവയൊന്നും തന്നെ ലിഖിതമായ നിയമങ്ങളുടെ പിൻബലത്തിലല്ല, മറിച്ച് കാലാകാലമായി അനുവർത്തിച്ചു പോരുന്ന ചില കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഇതിനെല്ലാമുപരി ഗായകനെ അനുഗമിക്കുന്ന പക്കമേളക്കാരുടെ കഴിവുകൾ, ഉച്ചഭാഷിണിയുടെ നിലവാരം, പ്രേക്ഷകരുടെ സംഗീതബോധം, പ്രതികരണം,  പാടുന്ന സമയം എന്നിവയെല്ലാം രാഗാലാപനങ്ങളുടെ ഗതി നിർണ്ണയിക്കാറുണ്ട്. ഇത്തരം ശൈലികളും, ശൈലീ ഭേദങ്ങളും കേൾവിക്കാരൻ അറിഞ്ഞാസ്വദിക്കുമ്പോണ് ക്ലാസിക്കൽ കലകൾ വിജയിക്കുന്നത്.

- രഞ്ജിത്ത് വാര്യർ, കോട്ടയ്ക്കൽ





https://www.facebook.com/photo.php?fbid=1703499569696382&set=a.327574600622226.71306.100001090663607&type=3


Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ