ഞാൻ കണ്ട മുരുകൻ

അമ്പല നടയിൽ നിന്നും വഴി തെറ്റി കറങ്ങി ഒരു കൊച്ചു ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു.  ഒറ്റക്ക് ടിവിയും കണ്ട് എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയാണെങ്കിലും ഇരുന്ന ഇരിപ്പിൽ തന്നെ സ്വാഗതമേകി മുരുകൻ. മറ്റുള്ളവർക്ക് വേണ്ടി ഇത്രയും ചെയ്തിട്ടും ഈ സമൂഹം ഒരൽപ്പം പോലും മര്യാദ എന്നോട് കാണിച്ചില്ല എന്നു പറയാതെ പറയുന്നു.

ഈ രംഗത്തുള്ള സംഘടിത ശക്തികൾ, തന്നെ നിരന്തരം ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്ക് അറിയില്ല, സത്യസന്ധമായി പ്രവർത്തിച്ചിട്ടും പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നിസ്സാരമായ കാര്യങ്ങൾക്ക് വന്നു ചേരുന്നുണ്ട് ഇതിന്റെ പേരിൽ. നിസ്വാർത്ഥ സേവനത്തിന്റെ പാരിതോഷികങ്ങൾ ധാരാളമുണ്ട്. സർക്കാർ അനുവദിച്ചു തന്ന സ്ഥലത്ത് ഒരു സ്ഥാപനം സ്വസ്ഥമായി നടത്തികൊണ്ടുപോകാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. ഒന്നു ഫോൺ ചെയ്താൽ മാനസിക നില കൈവിട്ട് ആക്രമണകാരികളായി നിൽക്കുന്ന ആളുകളെ വരുതിയിലാക്കി, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ആരോഗ്യ പരിശോധനകൾ നടത്തി തിരിച്ചു കൊണ്ടു പോകുന്നത് വരെയുളള ഉത്തരവാദിത്തങ്ങൾ. വളരെയധികം ത്യാഗം സഹിച്ചുതന്നെയാണ് അവരെ പരിപാലിക്കുന്നത്. ചിലരെ കൊണ്ടുപോകാൻ ആരെങ്കിലും വരും ചിലപ്പോൾ അവർക്ക് തന്നെ അറിയില്ല അവർ ആരാണ് എന്നു അങ്ങനെ ഊരും പേരും ഇല്ലാതെ എത്രയോ ആളുകൾ അവരെ ഏറ്റെടുക്കാനും വേണ്ടെ ആരെങ്കിലും.
നമുക്ക് നോക്കാൻ പോലും മടിയാകുന്ന ഭയമുളവാക്കുന്ന വ്രണങ്ങളും മുറിവുകളുമായി റോഡരികിൽ കിടക്കുന്ന മറ്റു ചിലർ, അവരെ നമ്മൾ ശ്രദ്ധിക്കാറില്ല. കാരണം അത് കാണുന്നതേ ബുദ്ധിമുട്ടാണ്, ഭയമാണ്.  ഇത്തരം ആളുകളെ കണ്ടെത്തി അവരെ ഏറ്റെടുക്കുന്നത് വലിയ കാര്യമല്ലെ... അവർക്ക് അത് എത്ര ആശ്വാസമാണ്.
സാമൂഹ്യക്ഷേമികളും മനുഷ്യാവകാശികളും ഒക്കെ ഇവിടെ ഘോര ഘോരം പ്രസംഗിക്കുന്നു എങ്കിലും, ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നവരും ഇത്തരം സാഹസങ്ങൾ ഏറ്റെടുക്കാറുണ്ടോ? ശമ്പളവും കിമ്പളവും പറ്റി പാവപ്പെട്ടവർക്ക് കിട്ടുന്ന തുച്ഛമായ ആനുകൂല്യങ്ങളിൽ നിന്നും കയ്യിട്ട് വാരാൻ അല്ലാതെ ഇതൊക്കെ ചെയ്യാൻ മനസ്സുള്ള ആരെങ്കിലും ഉണ്ടോ? പിന്നെ ഒരു കൂട്ടം ആളുകളുണ്ട് സാമൂഹ്യ സേവനം കുത്തകാവകാശമായി കരുതുന്നവർ. അവർക്കിതു ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ഒരു സംരംഭം മാത്രം. പേരിനു ഒരു സമൂഹ്യപ്രവർത്തനം തട്ടിപ്പുകൾക്ക് ഒരു മറ മാത്രം. ഇത്തരം രംഗത്തു തട്ടിപ്പുകൾ ധാരാളം നടക്കുന്നതിനാൽ സാധാരണ ജനങ്ങൾക്ക് സഹകരിക്കാൻ ഭയമാണ്‌.
മാനസിക നില കൈവിട്ട ആളുകളെ സംരക്ഷിക്കുന്നതിന് ഇടയിൽ ധാരാളം തിക്താനുഭവങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.       എന്നാൽ ഇത്രയും ബുദ്ധിമുട്ടിക്കുന്ന ഒരവസ്ഥ ആദ്യമായിട്ടാണ്. ഇനി പിച്ച വെച്ചു തുടങ്ങണം. കാലുകൾ ഉയർത്താൻ പ്രയാസമുണ്ട് വേദനയും. പക്ഷെ ഇത്തരം ദുരനുഭവങ്ങൾ മാറി ചിന്തിക്കാൻ മുരുകന് പ്രേരണ നൽകുന്നുണ്ട്. അത് ഒരു ചെറിയ വൃദ്ധസദനം മാത്രം മതി എന്ന അവസ്തയിലേക്ക് അയാളെ എത്തിക്കാതിരിക്കട്ടെ.  ആരോരും ഇല്ലാതെ മാനസീകാസ്വാസ്ഥ്യം ഉള്ളവരും ലഹരി മരുന്നിനടിപെട്ടു മനോനില കൈവിട്ടവർക്കും പിന്നെ ആരുണ്ട്?  അവർക്ക് വേണ്ടിയെങ്കിലും നമുക്ക് മുരുകനെ പിന്തുണക്കാം.
മൂന്നര വയസ്സുള്ള തന്റെ മകൻ ഹരിശങ്കറിന് താൻ വീണു പോയതിന്റെ പേരിൽ പ്രവേശനം നിഷേധിച്ച സ്കൂൾ അധികൃതരോടും, അനുവദിച്ചു കിട്ടിയ ആനുകൂല്യങ്ങൾ നൽകാതെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരോടും ഒരു ചോദ്യം മാത്രം എന്തു തെറ്റാണ് നിങ്ങളോടും സമൂഹത്തോടും ഈ ചെറുപ്പക്കാരനും കുടുംബവും ചെയ്തത്.
നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമ കൈത്താങ്ങായി കൂടെ ഉണ്ട്. ഒരു വികൃതികുട്ടൻ അരികിലും, അയാൾക്ക് സമൂഹത്തിന്റെ ഔദാര്യം ഇല്ലെങ്കിലും ജീവിക്കാം. പക്ഷെ അയാളുടെ വലിയ മനസ്സും ഔദാര്യവും നമുക്കാവശ്യമുണ്ട്. റോഡരികിൽ അലയുന്നവരാരും നമ്മുടെ ആരും അല്ലാത്തത് കൊണ്ട് നമുക്കവരെ കാണാതിരിക്കാം എന്നു കരുതി അവർക്കും ആരെങ്കിലുമൊക്കെ എവിടെയെങ്കിലും ഉണ്ടാവില്ലേ? അവർ എത്തുന്നത് വരെ എങ്കിലും സംരക്ഷിക്കാനും ഭക്ഷണം കൊടുക്കാനും ആരെങ്കിലും വേണ്ടേ? അതു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാനും പഴയ മുരുകനായി തിരിച്ചു വരാനും "ദൈവം അനുഗ്രഹിക്കട്ടെ".

Popular posts from this blog

അന്ന് കണ്ടൊരമ്മ

ഒറ്റയാൻ