രാഗാലാപനങ്ങൾ
Written by Ranjith Varrier (Kottakkal) രാഗാലാപനങ്ങൾ ----------------------------- വൈവിധ്യമാർന്ന രാഗാലാപന സമ്പ്രദായങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സംഗീതപദ്ധതി. ഒരു രാഗം തന്നെ പലവുരു കേട്ടാലും, അത് വിസ്തരിക്കുന്നതിലെ വൈവിധ്യമാണ് നമ്മെ വീണ്ടും കച്ചേരികളിലേക്ക് അടുപ്പിക്കുന്നത്. ഒരു ഗായകൻ ഒരു രാഗത്തെത്തന്നെ ഓരോ കച്ചേരിയിലും ഓരോ രീതിയിലായിരികും സമീപിക്കുന്നത്. കർണ്ണാടക സംഗീതത്തെ എന്നും പുതുമയോടെ നിലനിർത്തുന്ന ഈ ശൈലീഭേദങ്ങൾ എങ്ങിനെ സംഭവിക്കുന്നു? ഒന്നന്വേഷിച്ചു നോക്കാം. 1. ശാരീരം: ആലാപനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകം ഗായകന്റെ ശാരീരം തന്നെയാണ്. എം.ഡി.രാമനാഥന്റെ (എം.ഡി.ആർ) ഘനഗംഭീരമായ ശബ്ദത്തിൽ നിന്ന് പുപ്പെടുന്ന കാംബോജിയും, മുസ്‌രി സുബ്രഹ്മണ്യയ്യരുടെ ഉയർന്ന ശ്രുതിയിൽ നിറഞ്ഞുനിൽക്കുന്ന കാംബോജിയും നൽകുന്ന അനുഭവങ്ങൾ എത്ര വ്യത്യസ്തമാണ്! നീണ്ട് പതിഞ്ഞ മട്ടിലുള്ള സംഗതികളായിരുന്നു എം.ഡി.ആറിന്റെ രാഗ വിസ്താരങ്ങളിൽ അധികവും. . മനോവേഗത്തെ അനുഗമിക്കാൻപോന്ന നാദം ജൻമനാ ലഭിച്ചവരാണ് ജി.എൻ. ബാലസുബ്രഹ്ണ്യവും (ജി.എൻ.ബി), ടി.എൻ.ശേഷഗോപാലനുമൊക്കെ. അതുകൊണ്ട്തന്നെ അവർ രാഗം പാടുമ്പോൾ മ...